Friday, March 8, 2013

പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മാര്‍ച്ച് പന്ത്രണ്ടാം തിയതി ചൊവ്വാഴ്ച സമ്മേളിക്കും

പാപ്പയെ തിരഞ്ഞെടുക്കുന്നതിന് ആമുഖമായി വത്തിക്കാനില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ 8-ാമത് പൊതുസമ്മേളനത്തിലാണ് കോണ്‍ക്ലേവിന്‍റെ തീരുമാനമുണ്ടായത്. 
ചൊവ്വാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പിനായുള്ള പ്രത്യേക ദിവ്യബലി അര്‍പ്പിക്കപ്പെടും. ഉച്ചതിരിഞ്ഞ് സിസ്റ്റൈന്‍ കപ്പേളയിലായിരിക്കും ആത്മീയവും രഹസ്യാത്മകവുമായ തിരഞ്ഞെടുപ്പു നടപടികള്‍ നടക്കുന്നതെന്നും വത്തിക്കാന്‍റെ പ്രസ്താവ അറിയിച്ചു.

പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷം 20 ദിവസത്തിനുള്ളില്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് കൂടിയിരിക്കണമെന്നുള്ള Universi Dominici Gregis എന്ന 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനത്തിന്‍റെ പിന്‍ബലത്തില്‍ കോണ്‍ക്ലേവ് വേഗമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. മുന്‍പാപ്പ ബനഡിക്ട് 16-ാമന്‍റെ തിരഞ്ഞെടുപ്പു സംബന്ധിച്ച സ്വധികാര പ്രബോധന പ്രകാരം Normas Nunnullas കര്‍ദ്ദിനാളന്മാരുടെ സംഘം വത്തിക്കാനില്‍ എത്തിക്കഴിഞ്ഞാല്‍ 15 ദിവസത്തിനു മുന്‍പ് കോണ്‍ക്ലേവു തീരുമാനിച്ചു നടത്താന്‍ സംഘത്തിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 

65 രാജ്യങ്ങളില്‍നിന്നായി ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ നിലവില്‍ 207 കര്‍ദ്ദിനാളന്മാരാണുള്ളത്. അതില്‍ 80 വയസ്സിനുതാഴെ പ്രായമുള്ള വോട്ടര്‍മാരായ 117 കര്‍ദ്ദിനാളന്മാരുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ രണ്ടുപേര്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞ 115 കര്‍ദ്ദിനാളന്മാരാണ് പാപ്പയെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ക്ലേവി‍ല്‍ പ്രവേശിക്കുന്നത്. രഹസ്യവോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന കര്‍ദ്ദിനാളായിരിക്കും ആഗോളസഭയുടെ തലവന്‍...

No comments:

Post a Comment